നിലമ്പൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ നിലപാട് കടുപ്പിച്ച് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരിക്കുന്നുവെന്നും അന്‍വര്‍ നിലമ്പൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്വര്‍ണക്കടത്തിലെ പങ്ക് ശശിക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തണം. ശശിയെ മുഖ്യമന്ത്രിക്ക് വലിയ വിശ്വാസമായിരിക്കും. എന്നാല്‍ തനിക്ക് അദ്ദേഹത്തെ വിശ്വാസമി?ല്ല.താന്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. എന്നാല്‍, ഇക്കൂട്ടര്‍ കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരും, അന്‍വര്‍ പറഞ്ഞു
മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവര്‍ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാകുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലീസിനെതിരെ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
‘എകെജി സെന്ററില്‍ നിരവധി പരാതികള്‍ നല്‍കി. ഒന്നിനും പരിഹാരം ഉണ്ടായില്ല. ഞാന്‍ പഴേ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. ഇഎംഎസ് പഴയ കെപിസിസി സെക്രട്ടറി ആയിരുന്നു. സിഎം ആ പറഞ്ഞതില്‍ തെറ്റില്ല. മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല എന്നതാണ് സത്യം. എം ആര്‍ അജിത് കുമാറിന്റെ സ്റ്റേറ്റ്‌മെന്റ് ആണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിച്ചതാണ്. എന്നെ ചവിട്ടി പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളി പറയില്ല. തളളി പറഞ്ഞ് ആളാകണം എന്ന് എനിക്ക് ഇല്ല പാര്‍ട്ടിയെയും തള്ളി പറയില്ല. എന്നെ വേണ്ട എന്ന് പറഞ്ഞാല്‍ അപ്പോള്‍ ഞാന്‍ എന്റെ വഴി നോക്കും’, അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
