നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി പി.വി. അന്‍വര്‍ എം.എല്‍.എ.മുഖ്യമന്ത്രിയെ വേദിയിലേക്ക് അനുഗമിക്കുന്ന ചിത്രമായിരുന്നു അന്‍വറിന്റെ സാമൂഹികമാധ്യമത്തിലെ കവര്‍ചിത്രം. എന്നാല്‍, ഈ ചിത്രം ഒഴിവാക്കി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം വയോധികയോട് കുശലാന്വേഷണം നടത്തുന്ന ചിത്രമാണ് പുതുതായി നല്‍കിയത്. പാര്‍ട്ടിയും മുഖ്യമന്ത്രിയും അന്‍വറിനെ തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഇന്നലെ രാത്രി 11.29ന് ചിത്രം മാറ്റിയത്. പാര്‍ട്ടിക്കൊപ്പമല്ല, ജനങ്ങള്‍ക്കൊപ്പമാണെന്ന് സൂചന നല്‍കുന്നതാണ് പുതിയ ഫോട്ടോ.
ആരും നടക്കാത്ത വഴികളിലൂടെ നടന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഈ വിഷയത്തില്‍ താല്‍ക്കാലികമായി പരസ്യപ്രസ്താവന അവസാനിപ്പിക്കുന്നതായും അന്‍വര്‍ പറഞ്ഞു.
