മലപ്പുറം: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍.സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു നേരത്തെ പറഞ്ഞത്. എന്നാല്‍, കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാര്‍. പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ല അദ്ദേഹം. അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്ന് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം.ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി 2024ലെ ഏറ്റവും വലിയ തമാശയെന്ന് അന്‍വര്‍ പറഞ്ഞു.
രണ്ട് തവണ കൂടിക്കാഴ്ച നടത്തിയ കാര്യം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തൃശൂര്‍ പൂരം കലക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മാത്രമാകില്ല അദ്ദേഹം കണ്ടിട്ടാവുക. ആര്‍എസ്എസ് നേതാക്കളുമായി ചിലപ്പോള്‍ 10,000 പ്രാവശ്യം കണ്ടിട്ടുണ്ടാകും. അവരുമായിട്ടാണ് അദ്ദേഹത്തിന്റെ സംസര്‍ഗം. അവരുടെ അജണ്ടയാണ് ഇവിടെ നടപ്പാക്കുന്നത്. അതൊരു പ്രപഞ്ച സത്യമാണ്.പി.വി.അന്‍വര്‍ പറഞ്ഞു.
