പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി

മലപ്പുറം: ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ പി.വി. അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് ഏഴരയോടെ തവനൂര്‍ സബ് ജയിലില്‍ എത്തിച്ചിരുന്നു.ജാമ്യ ഉത്തരവ് ഇ- മെയില്‍ വഴി തവനൂര്‍ ജയിലില്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് രാത്രി 8.30 ഓടെ എം.എല്‍.എ. പുറത്തിറങ്ങിയത്.

ഫേറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചത്. നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയായിരുന്നു ജാമ്യം അനുവദിച്ചത്. അന്‍പതിനായിരം രൂപയുടെ വീതം രണ്ട് ആള്‍ജാമ്യം, ഒന്നിടവിട്ട ബുധനാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണം, ആവശ്യപ്പെട്ടാല്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യത്തില്‍ പങ്കാളിയാകരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അന്‍വറിന് ജാമ്യം അനുവദിച്ചത്.

നീതിപീഠത്തില്‍ നിന്ന് നീതി ലഭിച്ചെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പിന്തുണ ആശ്വാസമായെന്നും പി.വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ എടവണ്ണ ഓതായിയിലെ വീടുവളഞ്ഞാണ് എം.എല്‍.എയെ പോലീസ് അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *