പി.ശശി കാട്ടുകള്ളന്‍; കേരളത്തില്‍ കത്തി ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യമന്ത്രി,അത് കെട്ടുപോയി’; പി.വി അന്‍വര്‍

നിലമ്പൂര്‍: പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അന്‍വര്‍ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു. മുഖ്യമന്ത്രിക്ക് അറിയില്ലായിരിക്കും, ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. നൂറില്‍നിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. എ.ഡി.ജി.പി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വെച്ച്, സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിന് കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസ്സിലാക്കണം’ -അന്‍വര്‍ പറഞ്ഞു.

‘ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ട് വിശ്വസ്തനായി നില്‍ക്കുന്ന വ്യക്തിയുടെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകഴിഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യുകയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്വാസം എന്റെ നെഞ്ചില്‍ തട്ടി. എന്തോ നിസ്സാഹയവസ്ഥ എനിക്ക് മനസിലായി. അരീക്കോട് സംഭവവത്തിന് പിന്നാലെ പോയശേഷം കാട്ടുകള്ളന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തില്‍ വികൃതമാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഒരുകാര്യവും മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുന്നില്ല. ആ കാട്ടുകള്ളനെ താഴെയിറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞചെയ്തതാണ്’, അന്‍വര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *