ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. മകനുമായി ബന്ധപ്പെട്ട കഞ്ചാവ് കേസ് സംബന്ധിച്ച് യു. പ്രതിഭ പറഞ്ഞ കാര്യങ്ങള്‍ ഒരു അമ്മയുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതിയെന്ന് ആര്‍. നാസര്‍ പറഞ്ഞു.എക്സൈസ് ആരെയും ബോധപൂര്‍വം കേസില്‍ പ്രതിയാക്കില്ലെന്നും സി.പി.എം. ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
”അവര്‍ എം.എല്‍.എ. മാത്രമല്ലല്ലോ, അവര്‍ ഒരു അമ്മ കൂടിയാണ്. അവരുടെ ഏകമകനാണ്. ആ ഏകമകനുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു പ്രശ്നം വന്നത്. അപ്പോള്‍ അമ്മയെന്ന രൂപത്തില്‍ സ്വാഭാവികമായും അവരുടെ പ്രതികരണമുണ്ടായി. അതിനപ്പുറം ഒന്നുമില്ല.
ഒറ്റമകനെയുള്ളൂ. ഭര്‍ത്താവ് മരിച്ചതാണ്. പിന്നെ ആകെ കൂടി ഈ കുട്ടിയേ ഉള്ളൂ. അവര്‍ അവനെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇത് കേട്ടപ്പോളുണ്ടായ പെട്ടെന്നുണ്ടായ ഒരു പ്രതിഷേധമായിരുന്നു. അവര്‍ക്കുണ്ടായ വേദന ഇതാണ്. അങ്ങനെ കണ്ടാല്‍ മതി. എക്സൈസ് ബോധപൂര്‍വം ആരെയും കേസില്‍ പ്രതിയാക്കില്ല. അങ്ങനെ പ്രതിയാക്കിയാല്‍ വിവരമറിയില്ലേ. അങ്ങനെ ആരെയും പ്രതിയാക്കാന്‍ പറ്റില്ലല്ലോ”, സി.പി.എം. ജില്ലാ സെക്രട്ടറി പറഞ്ഞു.

