കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന; രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്:ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.സി.സി. ഹൈക്കമാന്‍ഡിന് അയച്ച കത്തിന് പിന്നില്‍ ബി.ജെ.പി-സി.പി.എം ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഗൂഢാലോചന അന്വേഷിക്കണമെന്നും. ബി.ജെ.പിയെ ജയിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

‘ഡി.സി.സിയുടെ കത്ത് ജനങ്ങളെ ബാധിക്കുന്ന കത്തല്ല. പക്ഷേ അത് വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ജനങ്ങളെ ബാധിക്കുന്ന രണ്ട് കത്തുകള്‍ ചര്‍ച്ചയില്‍ നിന്ന് മാറിപ്പോയി. സി.പി.എം ബി.ജെ.പിയുടെ പിന്തുണ തേടി അയച്ച കത്തും, പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കത്തുമാണ് ഇതുവരെ ചര്‍ച്ചയിലുണ്ടായിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇത് രണ്ടും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കാനാണ് മൂന്നാമതൊരു കത്ത് കൂടി കൊണ്ടുവന്നിരിക്കുന്നത്.

കെ. മുരളീധരന്‍ നല്ല നേതാവാണെന്ന അഭിപ്രായം എനിക്കുമുണ്ട്. കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ പരമയോഗ്യനായ നേതാവാണ്. അദ്ദേഹം മത്സരിക്കട്ടെയെന്നത് തെരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത കത്താണ്. എന്നെ മത്സരിപ്പിക്കരുതെന്നോ ഞാന്‍ മോശമാണെന്നോ കത്തില്‍ പറയുന്നില്ല. സ്ഥാനാര്‍ഥിയെ തീരുമാനിച്ച ശേഷം കത്ത് ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല -രാഹുല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *