തിരുവനന്തപുരം: പാലക്കാട് നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കോടതി.
തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ രാഹുല്‍ തിങ്കളാഴ്ചകളില്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടേണ്ടെന്ന് ഉത്തരവിട്ടത്.ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെയുള്ള പൊലീസിന്റെ വാദം കോടതി തള്ളി.
കഴിഞ്ഞ എട്ടാം തീയതി യു.ഡി.എഫ്. യുവജനസംഘടനകള്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിനെത്തുടര്‍ന്ന് മ്യൂസിയം പോലീസ് അറസ്റ്റുചെയ്ത കേസില്‍ രാഹുല്‍ റിമാന്‍ഡിലായിരുന്നു. എല്ലാ തിങ്കളാഴ്ചയും മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് രാഹുല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

