റേഷന്‍ വാതില്‍പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: റേഷന്‍ വാതില്‍പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. മന്ത്രിമാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഉപാധികളോടെ പിന്‍വലിച്ചത്.

സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ഭക്ഷ്യ മന്ത്രി പ്രഖ്യാപിച്ചതോടെയാണ് പിന്മാറ്റം. സെപ്റ്റംബര്‍ മാസത്തിലെ തുക അറുപത് ശതമാനം തിങ്കളാഴ്ച നല്‍കാമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഉറപ്പ് നല്‍കി.

51 കോടി രൂപയോളം കുടിശ്ശികയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാതില്‍പ്പടി വിതരണക്കാര്‍ കഴിഞ്ഞ മൂന്നാഴ്ച്ചയായി സമരം നടത്തുന്നത്. ആദ്യം ഒരു തവണ ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.

അതേസമയം, തിങ്കളാഴ്ച്ച മുതല്‍ റേഷന്‍ വ്യാപാരികള്‍ കട അടച്ചിട്ട് സമരം തുടങ്ങുമ്പോള്‍ വീണ്ടും പ്രതിസന്ധി ഉടലെടുക്കും. കടയടക്കുന്നതിനാല്‍ വിതരണക്കാര്‍ക്ക് പുതിയ സ്റ്റോക്കുകള്‍ കടകളിലേക്ക് എത്തിക്കാന്‍ കഴിയാതെ വരും. സമരം പിന്‍വലിച്ചിട്ടും റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ ലഭിക്കാന്‍ തടസം നിലനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *