തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 60,000ത്തോളം പേര്‍ മുന്‍ഗണന വിഭാഗത്തില്‍ നിന്ന് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് അറുപതിനായിരത്തോളം പേര്‍ പുറത്ത്. തുടര്‍ച്ചയായി മൂന്ന് മാസം റേഷന്‍ വാങ്ങാതിരുന്നവരെയാണ് മുന്‍ഗണന വിഭാഗത്തില്‍ നിന്ന് വെട്ടിയത്.

ഇവരെ വെള്ള കാര്‍ഡിലേക്ക് മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് സര്‍ക്കാരിന്റെ കിറ്റ് വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകളെയും മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കും.

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. മസ്റ്ററിംഗിന് വേണ്ടി പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു. അര്‍ഹമായ റേഷന്‍ വിഹിതം ലഭിക്കുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ്. ഇതിനിടയില്‍ മൂന്ന് മാസമായി റേഷന്‍ വാങ്ങാതിരുന്ന മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകളില്‍ 60,000ത്തോളം കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും ഒഴിവാക്കി. ഇവര്‍ക്ക് പകരം അര്‍ഹതയുള്ളവരെ കണ്ടെത്തി മുന്‍ഗണനാ വിഭാഗത്തിലേക്ക് കൊണ്ടുവരും. റേഷന്‍ വാങ്ങാതിരുന്ന 4000ത്തിലധികം നീല കാര്‍ഡ് ഉടമകളെയും വെള്ള കാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.

ഓണക്കിറ്റ് വാങ്ങാതിരുന്ന മുന്‍ഗണനാ വിഭാഗത്തിലുള്ളവരെയും ഒഴിവാക്കും. മരിച്ചവരും അനര്‍ഹരുമാണ് ഓണക്കിറ്റ് വാങ്ങാത്തത് എന്നാണ് വിലയിരുത്തല്‍. ഇവരെയും മുന്‍ഗണനേതര കാര്‍ഡിലേക്ക് മാറ്റും. കഴിഞ്ഞവര്‍ഷം ഓണക്കിറ്റ് വാങ്ങിയ മുന്‍ഗണനാ വിഭാഗക്കാരില്‍ ഈ വര്‍ഷം എണ്ണൂറിലധികം പേര്‍ കിറ്റ് വാങ്ങിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം പത്തിനകം അപേക്ഷ സമര്‍പ്പിക്കണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയോ അപേക്ഷിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ പരിശോധിച്ച് അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *