കല്‍പ്പറ്റ: റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ട്യുഷന് സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

