തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസ് സര്‍വ്വീസ് ചട്ടം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ട്.അന്‍വര്‍ എംഎല്‍എയെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് തെറ്റാണ്. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജീതാ ബീഗമാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനം നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സുജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. പത്തനംതിട്ട എസ്പിയാണ് സുജിത് ദാസ്. അതിനാലാണ് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്.
എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപനത്തിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്.
