റിജിത്ത് വധക്കേസ് : ഒമ്പത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി ;ശിക്ഷാ വിധി 7ന്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധ കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. 9 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. പ്രതികള്‍ കുറ്റക്കാരാണെന്ന് വിധിച്ച തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ഇവര്‍ക്കുള്ള ശിക്ഷ ജനുവരി എഴിന് വിധിക്കും.

വിവി സുധാകരന്‍, കെടി ജയേഷ്, സിപി രജിത്ത്, പിപി അജീന്ദ്രന്‍, ഐവി അനില്‍, പിവി ശ്രീകാന്ത്, വിവി ശ്രീജിത്ത്, പിപി രാജേഷ്, പിവി ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍. കേസിലെ മൂന്നാം പ്രതിയായിരുന്ന കെടി അജേഷ് വിചാരണക്കിടെ മരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി.

19 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഏറെ വൈകാരികമായിരുന്നു അമ്മയുടേയും സഹോദരിയുടേയും പ്രതികരണം. വിധിയില്‍ ആശ്വാസമുണ്ടെന്നും ഇതിനായി നീണ്ടകാലം കാത്തിരിക്കേണ്ടി വന്നുവെന്നും റീജിത്തിന്റെ അമ്മ ജാനകിയും സഹോദരി ശ്രീജയും പ്രതികരിച്ചു.

2005 ഒക്ടോബര്‍ 3-നായിരുന്നു കേസിന്നാസ്പദമായ സംഭവം. കണ്ണൂര്‍ കണ്ണപുരത്തെ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റീജിത്തിനെ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *