സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നു ;കെ. സച്ചിദാനന്ദന്‍

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നതായി കെ. സച്ചിദാനന്ദന്‍ .അനാരോഗ്യം കാരണമാണ് പിന്‍മാറ്റമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവിധ പ്രസാധകരുടെ എഡിറ്റര്‍ ചുമതലകളില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും അദ്ദേഹം കുറിച്ചു.

‘എനിക്ക് ഭൂമിയില്‍ വളരെ കുറച്ച് സമയമേ ഉള്ളൂ. നേരത്തേയും ഇക്കാര്യം പങ്കുവെച്ചിരുന്നു. ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടതുണ്ട്. അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍, ആറ്റൂര്‍ രവിവര്‍മ ഫൗണ്ടേഷന്‍, സാഹിത്യ അക്കാദമി, ദേശീയ മാനവികവേദി അടക്കം സംഘാടകനെന്ന നിലയില്‍ ഞാന്‍ സഹകരിച്ചിട്ടുള്ള സംഘടനകളുടെ ചുമതലയില്‍ നിന്നും ഒഴിയുകയാണ്. ഒപ്പം എന്നില്‍ വിശ്വാസം അര്‍പ്പിച്ച് ചുമതലയേല്‍പ്പിച്ച മലയാളത്തിലേയും ഇംഗ്ലീഷിലേയും പബ്ലിഷിംഗ് ഹൗസുകളുടേയും എഡിറ്റിംഗ് ജോലികളില്‍ നിന്നും ഒഴിയുന്നു.’ സച്ചിദാനന്ദന്‍ കുറിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ ആറിന് താല്‍കാലിക മറവി രോഗം മൂലം പൊതുജീവിതം പതുക്കെ പതുക്കെ അവസാനിപ്പിക്കുകയാണെന്ന് സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ എഴുതിയിരുന്നു. ഏഴു വര്‍ഷം മുമ്പ് താല്‍കാലിക മറിവിരോഗം വന്ന കാര്യവും കുറിപ്പില്‍ സച്ചിദാനന്ദന്‍ സൂചിപ്പിച്ചു.

നവംബര്‍ ആറിന് എഴുതിയ കുറിപ്പ് പൂര്‍ണരൂപത്തില്‍:

സുഹൃത്തുക്കളെ, ഞാന്‍ ഏഴു വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു.

യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.

Leave a Reply

Your email address will not be published. Required fields are marked *