മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ വീട്ടില്‍ കയറിയത് ഫയര്‍ എക്‌സിറ്റ് സ്റ്റെയര്‍കേസ് വഴിയാണെന്നും മുംബൈ പൊലീസ്. കവര്‍ച്ച ലക്ഷ്യമിട്ട് വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമി, കെട്ടിടത്തില്‍ മണിക്കൂറുകളോളം നിന്ന ശേഷമാണ് ആക്രമണം നടത്തിയത്.
അടിയന്തര ആവശ്യത്തിനായുള്ള സ്റ്റെയര്‍കേസുവഴി 11-ാം നിലയിലെത്തിയ അക്രമി ഇവിടെ മോഷണം നടത്താനുള്ള ശ്രമം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്രമിക്ക് വീട്ടുജോലിക്കാരില്‍നിന്ന് സഹായം ലഭിച്ചെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്രമി കുട്ടികളുടെ മുറിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് കണ്ട വീട്ടുജോലിക്കാരില്‍ ഒരാള്‍ അലാറം ഓണാക്കിയതോടെയാണ് സെയ്ഫ് ഇവിടേക്ക് എത്തിയത്. അക്രമിയുമായി ഏറ്റുമുട്ടലുണ്ടായതോടെയാണ് കുത്തേറ്റത്.
സ്‌പൈനല്‍ കോഡിനു സമീപത്തു വരെ ആഴത്തില്‍ കുത്തേറ്റ സെയ്ഫ് അലി ഖാന്‍ ശസ്ത്രക്രിയക്ക് വിധേയനായി. നിലവില്‍ അദ്ദേഹം അപകടനില തരണം ചെയ്‌തെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
