കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയില്‍ ബി.ജെ.പിയിലെ അസ്വാരസ്യങ്ങള്‍ക്കിടയില്‍ അസംതൃപ്തരെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് സന്ദീപ് വാര്യര്‍. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാകില്ലെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.
”വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍, കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്” -ഫേസ്ബുക് പോസ്റ്റില്‍ സന്ദീപ് പറഞ്ഞു.
ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച വയനാട് ജില്ല മുന്‍ അധ്യക്ഷന്‍ കെ.പി. മധുവിനെ സന്ദീപ് കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. നേരത്തെ ബി.ജെ.പിയില്‍ സന്ദീപ് വാര്യര്‍ക്ക് വയനാടിന്റെ ചുമതലയുണ്ടായിരുന്നു. ഈ ആത്മബന്ധം കൂടി കണക്കിലെടുത്താണ് മധുവുമായി സന്ദീപ് ചര്‍ച്ച നടത്തുന്നത്.
ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് ആരോപിച്ചാണ് മധു രാജിവച്ചത്.
