പറവൂര്‍: വീട് ജപ്തി ചെയ്തതിനെത്തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയുടെയും രണ്ട് പിഞ്ചു കുട്ടികളുടെയും ലോണ്‍് തീര്‍പ്പായി. വടക്കേക്കര പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മടപ്ലാത്തുരുത്ത് കണ്ണേഴത്ത് വീട്ടില്‍ സന്ധ്യയുടെയും കുഞ്ഞുങ്ങളുടെയും ദുരവസ്ഥ പുറംലോകമറിഞ്ഞതോടെ അടക്കേണ്ട 8.25 ലക്ഷം രൂപയും കുടുംബത്തിന് ജീവിതച്ചിലവിനായി 10ലക്ഷം രൂപയും നല്‍കാമെന്നേറ്റ് ലുലു ഗ്രൂപ് ഉടമ എം.എ. യൂസഫലി രംഗത്തെത്തിയിരുന്നു. ലുലു ഗ്രൂപ്പ് മീഡിയ കോഡിനേറ്റര്‍ സ്വരാജ് നേരിട്ടെത്തി ഇന്നലെ രാത്രി തന്നെ ചെക്ക് സന്ധ്യക്ക് കൈമാറി. ജീവിത ചിലവിനായുള്ള 10 ലക്ഷം രൂപ ഫിക്‌സഡ് ഡെപ്പോസിറ്റായാണ് സന്ധ്യയ്ക്ക് നല്‍കിയത്.
മണപ്പുറം ഫിനാന്‍സില്‍നിന്നാണ് 2019ല്‍ ഇവര്‍ നാലുലക്ഷം രൂപ വായ്പയെടുത്തത്. ഭര്‍ത്താവിന്റെ പേരിലുള്ള 4.8 സെന്റ് സ്ഥലത്ത് ലൈഫ് ഭവനപദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മാണത്തിനായിരുന്നു ഇത്. വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ഭര്‍ത്താവ് ആദ്യത്തെ രണ്ടുവര്‍ഷം പണം തിരിച്ചടച്ചു. മൂന്നുവര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇതോടെ തിരിച്ചടവ് പ്രതിസന്ധിയിലായി. തുടര്‍ന്ന് പലിശ കുമിഞ്ഞുകൂടി 8.25 ലക്ഷം രൂപയാവുകയായിരുന്നു.

