സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും ;965 പോയിന്റോടെ തൃശ്ശുര്‍ മുന്നില്‍

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്മാരായ ആസിഫലി, ടോവിനോ തോമസ് എന്നിവര്‍ മുഖ്യാതിഥികളാകും.

സ്വര്‍ണ്ണക്കപ്പിനായുള്ള പോയിന്റ് പട്ടികയില്‍ 965 പോയിന്റോടെ തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. 961 പോയിന്റ് വീതം നേടി പാലക്കാടും കണ്ണൂരും രണ്ടാമതുണ്ട്. 959 പോയിന്റോടെ കോഴിക്കോട് നാലാമതുണ്ട്. ആകെയുള്ള 249 മത്സരങ്ങളില്‍ 239ഉം പൂര്‍ത്തിയായി. ഇന്ന് പത്ത് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.

സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വ്യക്തമായ ലീഡോടെ ഒന്നാം സ്ഥാനത്താണ്. തിരുവനന്തപുരം കാര്‍മെല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും മാനന്തവാടി എംജിഎംഎസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്.

അവസാന ദിനമായ ഇന്ന് ഹയര്‍ സെക്കന്ററി വിഭാഗം ആണ്‍ കുട്ടികളുടെ നാടോടി നൃത്തം, ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്, ട്രിപ്പിള്‍ ജാസ്, ഹൈസ്‌ക്കൂള്‍ വിഭാഗം കഥാ പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *