തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയില്‍ നടത്തിയ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്നും അതേസമയം കുട്ടികളെ ഉള്‍പ്പെടുത്തി സമരാഹ്വാനം നടത്തിയ അധ്യാപകര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
നവംബറില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റ് തര്‍ക്കത്തെച്ചൊല്ലി വിദ്യാര്‍ത്ഥികളും പൊലീസുമായി സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തിലത്തിലായിരുന്നു സര്‍ക്കാര്‍ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്.
രണ്ടും മൂന്നും സ്ഥാനത്തുവന്ന സ്‌കൂളിനെ തഴഞ്ഞ് മറ്റൊരു സ്‌കൂളിന് ട്രോഫി നല്‍കി എന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സമാപനച്ചടങ്ങില്‍ പ്രതിഷേധിച്ചത്.
