തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയുക എന്ന ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ സമരം ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയുക,എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ കാലയളവില്‍ നടന്ന കൊലപാതക ,പീഡന കേസുകള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കുക, കുറ്റാരോപിതരെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കൊണ്ട് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്.ഡി.പി.ഐ ഉന്നയിച്ചത്.
ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളായ ദത്താത്രയ ഹൊസബള, റാം മാധവ് തുടങ്ങിയ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി തെളിവുസഹിതം പുറത്തുവന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. സ്വര്‍ണം കടത്തിയും കടത്തിയ സ്വര്‍ണം വഴിയില്‍ തടഞ്ഞും കോടികള്‍ തട്ടുന്ന മാഫിയാ സംഘമായി പോലിസിലെ ഉന്നതര്‍ മാറിയിരിക്കുന്നു. സ്വര്‍ണക്കടത്തിന്റെ വിഹിതം എകെജി സെന്ററിനും ലഭിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏകാധിപതിയായ പിണറായി വിജയനെ നിലക്ക് നിര്‍ത്താന്‍ സി.പി.എം തയാറാവണമെന്നും തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു.
