തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച് കോടതി.ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും കോടതി പറഞ്ഞു.
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ത്ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനം പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.
പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്. ഗ്രീഷ്മയുടെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.
ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
