തിരുവനന്തപുരം: ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ.എം.ബഷീറാണ് ശിക്ഷ വിധിച്ചത്.
വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്പില്‍ തൊഴുകയ്യോടെ കുടുംബം നിന്നു.