നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയില്‍ പൂര്‍ത്തിയായി.
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് കോടതിയില്‍ പ്രോസിക്യൂഷന് വാദം. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന് കോടതിയില്‍ നടത്തിയ അന്തിമവാദത്തിലാണ് പ്രോസിക്യൂഷന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക് മാത്രമാണ് ഇങ്ങനെ ഒരു കൃത്യം ചെയ്യാന്‍ കഴിയുകയുള്ളൂ. പ്രതി ദയ അര്‍ഹിക്കുന്നില്ല. മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. ഗ്രീഷ്മക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പരമാവധി നല്കാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു.
കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
