‘കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുന്നു’ ; മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനം പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടതിന് നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി.കലോത്സവങ്ങളിലൂടെ പേരെടുത്തവര്‍ കുറച്ചു സിനിമയും കാശുമായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.നടിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്നാണ് നടിയോട് ചോദിച്ചത്. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ 5 ലക്ഷം രൂപയാണ് നടി പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും ശിവന്‍ കുട്ടി പറഞ്ഞു.

ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവന്‍കുട്ടി പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതു കാരണമാണ് സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ഥികളോടാണ് ഈ നടി അഹങ്കാരം കാണിച്ചിരിക്കുന്നതെന്നും വി. ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *