കാസര്‍കോട്: കാസര്‍കോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപിനെ സസ്പെന്‍ഡ് ചെയ്തു. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എസ് ഐ അനൂപ് നിരന്തരം ഓട്ടോ തൊഴിലാളികളെ ഉപദ്രവിക്കുന്നുണ്ടെന്നും പരാതികളുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.
യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം ഫോണ്‍ എടുക്കാനായി സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടേ അടുത്തേക്ക് പോയപ്പോള്‍ അനൂപ് മര്‍ദ്ദിച്ചു എന്നുമാണ് പരാതി. എസ്ഐ അനൂപിനെതിരെ നൗഷാദ് പോലീസ് കംപ്ലയിന്റ് സെല്‍ അതോറിറ്റിയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
അബ്ദുള്‍ സത്താറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഓട്ടോ പിടിച്ചുവച്ചതിനെ തുടര്‍ന്നായിരുന്നു അബ്ദുള്‍ സത്താര്‍ ആത്മഹത്യ ചെയ്തത്.

