കൊച്ചി: താരസംഘടനയായ അമ്മയും ഡബ്ള്യൂസിസിയും തമ്മിലുള്ള പോരാണ് തനിക്കെതിരായ ബലാത്സംഗക്കേസിന് പിന്നിലെന്ന് നടന് സിദ്ദീഖ് സുപ്രിംകോടതിയില്‍. ബലാത്സംഗക്കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വാദം. ഒളിവില്‍ പോയ സിദ്ദീഖിനെ അന്വേഷണസംഘത്തിന് ഇതുവരെ കണ്ടെത്തനായിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം അമ്മയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരെ ലക്ഷ്യമിട്ടാണ് ആരോപണവും കേസുകളും. ഇതൊന്നും ആകസ്മികമായി സംഭവിച്ചതല്ലെന്ന് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിശ്വസിക്കുന്നു.
അമ്മയും ഡബ്ള്യൂസിസിയും തമ്മിലെ പോരിന്റെ ഇരയാണെന്ന വാദമാണ് സുപ്രിംകോടതിയില്‍ സിദ്ദീഖ് മുന്നോട്ട് വയ്ക്കുന്നത്. ശരിയായ അന്വേഷണം നടത്താതെയാണ് പ്രതിയാക്കിയത്. ആരോപിക്കപ്പെടുന്ന സംഭവത്തിനു ശേഷം, എട്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി എത്തിയതിലെ അസ്വാഭാവികത, ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയിലും ഉയര്‍ത്തിക്കാട്ടുന്നു. പേരക്കുട്ടി അടക്കമുള്ള കുടുംബത്തിലെ 65 വയസുള്ള, മുതിര്‍ന്ന അംഗമാണ് താന്‍ . നിരവധി പുരസ്കാരങ്ങളും അംഗീകാരവും ലഭിച്ച തന്റെ പേരില്‍ മറ്റു ക്രിമിനല്‍ കേസ് ഇല്ലെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.
