കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ രാജി.
യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് രേവതി സമ്പത്ത് വ്യക്തമാക്കിയത്. പക്ഷേ അത് പുറത്ത് പറയാന്‍ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും രേവതി സമ്പത്ത് വ്യക്തമാക്കി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അയാള്‍ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി വിവരിച്ചു.
പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കള്‍ക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.
