ആഭ്യന്തര വകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നത്; കാന്തപുരം വിഭാഗം ദിനപത്രം

കോഴിക്കോട്: കേരള പോലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സുന്നി കാന്തപുരം വിഭാഗം മുഖപത്രം സിറാജ്. കേരള പോലീസിന്റെ പല നടപടികളിലും ആര്‍.എസ്.എസ് വിധേയത്വം പ്രകടമാണെന്നും ആഭ്യന്തര വകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് പോലീസിലെ സംഘപരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നതെന്നും ‘സിറാജ്’ മുഖപ്രസംഗത്തില്‍ ആരോപിച്ചു.

സര്‍വിസ് കാലത്ത് സംഘടന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും ഒരു വിഭാഗം കാവിവത്കരണ പരിപാടികള്‍ ഊര്‍ജിതമായി നടത്തുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ ആരോപിച്ചു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ബിജെപി പ്രവേശത്തിന്റെ പശ്ചാത്തലത്തിലാണ് സിറാജ് മുഖപ്രസംഗം.

ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണെന്നും അഥവാ നിയമനടപടികള്‍ സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കും.

പോലീസിലെ ആര്‍ എസ് എസ് വിംഗ് 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പഠനശിബിരം നടത്തി സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രതിമാസം യോഗം ചേരാനും തീരുമാനിച്ച വിവരം റിപോര്‍ട്ട് ചെയ്തത് സിപിഎം നിയന്ത്രണത്തിലുളള കൈരളി ചാനലാണ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍, എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. നിയമനടപടികള്‍ സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കുകയും ചെയ്യും. അതേസമയം, സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതും നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ ലഭിച്ച പരാതികളില്‍ ഒന്നില്‍ പോലും നിയമനടപടി സ്വീകരിക്കാത്തതും ഉള്‍പ്പെടെയുള്ള ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ബി.ജെ.പിയോടും സംഘ്പരിവാര്‍ സംഘടനകളോടുമുള്ള കൂറ് സര്‍വിസ് കാലത്ത് തന്നെ പ്രകടമാക്കുന്നതും ഔദ്യോഗിക സംവിധാനം വര്‍ഗീയ സംഘടനകള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നതും ഗൗരവതരമായി കാണേണ്ടതുണ്ട്. ആര്‍ ശ്രീലേഖ സര്‍വീസിലിരിക്കെ തന്നെ സംഘ്പരിവാര്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന കാര്യം ശശികല തുറന്നു പറഞ്ഞു. നിലവില്‍ സര്‍വീസിലിരിക്കുന്ന എ ഡി ജി പി അജിത് കുമാറിന്റെ ആര്‍ എസ് എസുമായുള്ള ബന്ധവും സ്ഥിരീക്കപ്പെട്ടു -മുഖപ്രസംഗത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *