പത്തനംതിട്ട: തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. കരാറുകാരന്‍ ഉള്‍പ്പെടെ കേസില്‍ പ്രതിയാകുമെന്ന് പൊലീസ് പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായ ആറ് തൊഴിലാളികളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് വിവരം.
റോഡില്‍ കയര്‍ കെട്ടിയത് യാതൊരു വിധത്തിലുളള സുരക്ഷാ മുന്‍കരുതലുകളും ഇല്ലാതെയെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിന്റെ ഭാഗമായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സിയാദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചായിരുന്നു അപകടം.
തിരുവല്ല മുത്തൂര്‍-കുറ്റപ്പുഴ റോഡില്‍ എന്‍.എസ്.എസ് സ്‌കൂളിന് സമീപം ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയുണ്ടായ അപകടത്തില്‍ സിയാദ് (31) ആണ് മരിച്ചത്. റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷിബിന, മക്കളായ സഹറന്‍, നീറാ ഫാത്തിമ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
