കോഴിക്കോട്: താമരശ്ശേരിയില്‍ ലഹരിക്കടിമയായ മകന്‍ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയെ (53) ഏക മകനായ ആഷിഖാണ് കൊലപ്പെടുത്തിയത്.
മസ്തിഷ്‌കാര്‍ബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഇവിടെ വെച്ചായിരുന്നു സംഭവം.
കൊലപാതകത്തിന് മുമ്പ് അടുത്ത വീട്ടില്‍ നിന്ന് തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞു വെട്ടുകത്തി ആഷിഖ് വാങ്ങിയിരുന്നു.വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് സുബൈദയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പല തവണ മാരകമായി വെട്ടുകളേറ്റ സുബൈദ തത്ക്ഷണം മരിച്ചു. ഇയാളെ നാട്ടുകാര്‍ കെട്ടിയിട്ട് താമരശ്ശേരി പോലീസിലേല്‍പ്പിക്കുകയായിരുന്നു.ആഷിഖ് മയക്കു മരുന്നിന് അടിമയാണെന്നും നാട്ടുകാര്‍ പറയുന്നു.
