ഡല്‍ഹി: കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ സുദീര്‍ഘമായ പ്രസംഗത്തെ കുറിച്ച് പ്രതികരണവുമായി സോണിയ ഗാന്ധി. പ്രസിഡന്റ് വായിച്ചു ക്ഷീണിച്ചു. അവസാനമായപ്പോഴേക്കും സംസാരിക്കാന്‍ പോലും വയ്യാതായി എന്ന്, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞത്. രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു സോണിയയുടെ മറുപടി.
എന്നാല്‍ സോണിയയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷ എം.പിമാര്‍ രംഗത്തുവന്നു. രാഷ്ട്രപതിക്കു നേരെ സോണിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. ഒരു ആദിവാസി വനിതയെ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിത പ്രസിഡന്റാകുമെന്ന് അവര്‍ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നും ബി.ജെ.പി വിമര്‍ശിച്ചു.
”വളരെ അപകീര്‍ത്തികരമായ പരാമര്‍ശമാണിത്. സോണിയയെയും രാഹുലിനെയും പോലുള്ള നേതാക്കളില്‍ നിന്ന് ഇതുപോലുള്ള പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ച് രാഷ്ട്രപതിക്കു നേരെ. ആദിവാസി കുടുംബത്തില്‍ നിന്നുള്ള വനിതയാണ് ദ്രൗപതി മുര്‍മു. ഇന്ത്യയിലെ പ്രഥമ വനിതയാണവര്‍. കോണ്‍ഗ്രസിന്റെ ഫ്യൂഡല്‍ മനസ്ഥിതിക്ക് അവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല ”-ബി.ജെ.പി എം.പി സുകാന്ത മജുംദാര്‍ പറഞ്ഞു.