ബേസില്‍ – നസ്രിയ എന്നിവര്‍ ആദ്യമായി ഒന്നിച്ച ‘സൂക്ഷ്മദര്‍ശിനി’ 50 കോടി ക്ലബ്ബില്‍. നവംബര്‍ 22ന് തിയറ്ററുകളിലെത്തിയ ചിത്രം 50.2 കോടിയാണ് ആഗോളതലത്തില്‍ നിന്ന് നേടിയിരിക്കുന്നത്. ബേസിലിന്റെ ആദ്യ 50 കോടി നേട്ടമായിരിക്കുകയാണ് എംസി സംവിധാനം ചെയ്ത ചിത്രം. പ്രായഭേദമെന്യേ ഏവരും വലിയ പിന്തുണയാണ് ചിത്രത്തിന് ആദ്യവാരം നല്‍കിയത്.
176 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തിയിരുന്നതെങ്കില്‍ മൂന്നാം വാരം പിന്നിടുമ്പോള്‍ 192 സെന്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
നസ്രിയയും ബേസിലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ഹാപ്പി ഹവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും, എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

