പാലക്കാട്: മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് പ്രിന്‍സിപ്പലിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അച്ചടക്ക നടപടിക്ക് വഴിവെച്ച സംഭവം നടന്നത്. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതിന് കര്‍ശന വിലക്ക് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ഥി കൊണ്ടുവന്ന ഫോണ്‍ ക്ലാസില്‍വെച്ച് അധ്യാപകന്‍ പിടിച്ചെടുക്കുകയും പ്രിന്‍സിപ്പലിന് കൈമാറുകയും ചെയ്തു.
ഇതേതുടര്‍ന്ന് വിദ്യാര്‍ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാഞ്ഞതോടെയാണ് വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അനില്‍ കുമാര്‍ തൃത്താല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ അധ്യാപകരുടെ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സി.ഐ അറിയിച്ചു.
അതേസമയം, അധ്യാപകനോട് കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാണെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു.
കൂടാതെ തനിക്ക് അതേ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാനുള്ള അവസരം നല്‍കാനും ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
