ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ പോലീസ് കണ്ടെത്തിയ മൃതദേഹം 73-കാരി സുഭദ്രയുടേതെന്ന് സ്ഥിരീകരണം. സുഭദ്രയുടെ മക്കള്‍ എത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. മുട്ടു വേദനയ്ക്ക് സുഭദ്ര ഉപയോഗിച്ചിരുന്ന ബാന്‍ഡേജ് കണ്ടാണ് മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്.
ദമ്പതിമാരായ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന ആലപ്പുഴയിലെ കാട്ടൂരിലെ വാടക വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.ഇരുവരും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് സുഭദ്രയയെ കാണാതാകുന്നത്. ശര്‍മിളയും സുഭദ്രയും തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ട്. ആരാധനാലയങ്ങളിലും മറ്റും ഒരുമിച്ചായിരുന്നു ഇവര്‍ പോയിരുന്നത്. ഇടയ്ക്കിടെ ശര്‍മ്മിളയും മാത്യൂസും സുഭദ്രയുടെ അടുത്ത് പോയി താമസിക്കും. തിരിച്ച് സുഭദ്രയും ഇരുവരുടേയും അടുത്ത് പോയി താമസിക്കുമായിരുന്നു.സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയ ശേഷം മാത്യൂസും ശര്‍മ്മിളയും കടന്നു കളഞ്ഞതായാണ് വിവരം. 73-കാരിയുടെ സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് നിഗമനം.
പുറത്തെടുത്ത മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.