ആലപ്പുഴ: കലവൂരിലെ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. ശര്‍മിളയെയും മാത്യൂസിനെയും കര്‍ണാടകയിലെ മണിപ്പാലില്‍നിന്നാണ് പിടികൂടിയത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന്{വെള്ളിയാഴ്ച} ഉച്ചയോടെ ആലപ്പുഴയിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും. കൊലയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഉഡുപ്പിയില്‍നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷണാണ് പ്രതികള്‍ പിടിയിലായത്.
എറണാകുളം കടവന്ത്ര കര്‍ഷകറോഡ് ശിവകൃപയില്‍ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയുടെ (73) മൃതദേഹമാണ് കലവൂര്‍ കോര്‍ത്തുശ്ശേരിയിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒളില്‍വില്‍പ്പോയ പ്രതികളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു. ഫോണ്‍ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള മണിപ്പാലിലെ ശര്‍മിളയുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്.
