ആലപ്പുഴ: വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വയോധികയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി മേസ്തിരി അജയന്‍. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി സംശയം. കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് അജയന്‍ മൊഴി നല്‍കി.
കുളിമുറി മാലിന്യവും വീട്ടിലെ മാലിന്യവും കുഴിച്ചു മൂടാനായി കുഴി എടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. മൂന്നടി താഴ്ചയില്‍ കുഴി എടുത്തപ്പോള്‍ ആഴം പോരെന്ന് പറഞ്ഞു. വെള്ളം ഉയരുന്ന സ്ഥലമായതിനാല്‍ കുഴിയുടെ ആഴം കൂട്ടണമെന്ന് മാത്യുസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാലടി താഴ്ചയിലേക്ക് കുഴിവെട്ടി. അടുത്ത ദിവസം പറമ്പ് വൃത്തിയാക്കാന്‍ വന്നപ്പോള്‍ കുഴി മൂടിയ നിലയിലായിരുന്നു. പരിസരത്തെ മാലിന്യങ്ങളിട്ട് കുഴി മൂടിയെന്നും പണിയുടെ ആവശ്യമില്ലെന്നും പറഞ്ഞു. ആ സമയത്ത് സംശയം തോന്നിയില്ലെന്നും അജയന്‍ വ്യക്തമാക്കി.
ഒളിവില്‍ കഴിയുന്ന പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളായ മാത്യൂസിനെയും ശര്‍മിളയെയും കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് പൊലീസ് അറിയിച്ചത്.
