വീട്ടമ്മയുടെ ബലാത്സംഗ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധം, നിയമപരമായി നേരിടും: സുജിത് ദാസ്

തിരുവനന്തപുരം: വീട്ടമ്മയുടെ ബലാത്സംഗ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്. തന്റെ കുടുംബം പോലും തകര്‍ക്കാനുള്ള ശ്രമമാണെന്നും സുജിത് ദാസ് പറഞ്ഞു.ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചതിനെതിരെ കേസ് നല്‍കും.

2022ല്‍ തന്റെ എസ്പി ഓഫിസില്‍ സഹോദരനും കുട്ടിക്കും ഒപ്പമായിരുന്നു പരാതി പറഞ്ഞ സ്ത്രീ എത്തിയത്. റിസപ്ഷന്‍ രജിസ്റ്ററില്‍ വിശദാംശങ്ങള്‍ ഉണ്ട്. നിരന്തരമായി പൊലീസിനെതിരെ കേസ് കൊടുക്കുന്ന സ്ത്രീയാണ് ഇത്തരം ആരോപണവുമായി രംഗത്തെത്തിയതെന്നും സുജിത് ദാസ് ആരോപിച്ചു.

നേരത്തെ ഈ സ്ത്രീ ഒരു എസ്.എച്ച്.ഒക്കെതിരെ നല്‍കിയ പരാതി സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ഉപയോഗിച്ച് അന്വേഷിച്ചതാണ്. പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയിരുന്നു. വ്യക്തിപരമായി ലക്ഷ്യമിട്ട് ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തകര്‍ക്കാനുള്ള ഗൂഢ നീക്കമാണിത്. ഒരു വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ക്രിമിനല്‍, സിവില്‍ കേസുകളുമായി മുന്നോട്ടുപോകും. ഇത്തരം ആരോപണങ്ങള്‍ ഉണ്ടായാല്‍ ഒരു പരാതിയും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. ഒരുതരത്തിലും വസ്തുതയില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളാണിത്’ – സുജിത് ദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *