റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് സുചിത്ര;അടിസ്ഥാനരഹിതമെന്ന് റിമ, സുചിത്രക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചു

റിമ കല്ലിങ്കല്‍ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്ന് ഗായിക സുചിത്ര.തൊട്ടുപിന്നാലെ സുചിത്രയുടെ ആരോപണത്തിനെതിരെ നിയമനടപടിയുമായി നടി റിമ കല്ലിങ്കല്‍. മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ റിമ്. കൂടാതെ, സുചിത്രക്കെതിരെ സിനിമ മേഖലയിലെ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

റിമ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടത്താറുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സുചിത്ര ആരോപിച്ചത്. സുചിത്രക്കെതിരെ നിയമനടപടി സ്വീകരിച്ചത് റിമ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

നിങ്ങളില്‍ ഒരുപാട് പേര്‍ ഡബ്ല്യു.സി.സിക്ക് പിന്തുണയുമായി കൂടെ നില്‍ക്കുന്നുണ്ട്. ആ പിന്തുണയും വിശ്വസവുമാണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.

രണ്ടു ദിവസങ്ങളായി ഗായിക സുചിത്ര ഒരു യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ലെ ലൈംഗികാതിക്രമത്തിലെ അതിജീവിതയുടെ പേര് പറയുകയും അവരെ പരിഹസിക്കുകയും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഫഹദ് ഫാസില്‍ പോലുള്ള നടന്‍മാരുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞു. ഹേമാ കമ്മിറ്റി എങ്ങിനെയുണ്ടായെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. അങ്ങനെയല്ല എന്ന് പറയുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും.

ഇവരുടെ വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നില്ല. എങ്കിലും എന്റെ ‘അറസ്റ്റി’നെക്കുറിച്ച് അവര്‍ വാര്‍ത്ത വായിച്ചുവെന്ന അടിസ്ഥാനരഹിതമായ പ്രസ്താവന ശ്രദ്ധനേടി. ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഞാന്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ ഞാന്‍ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പരാതി സമര്‍പ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നവരോട്, നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങാം. നിങ്ങളുടെ പിന്തുണക്ക് നന്ദി.റിമാ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *