ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നിഷേധിച്ച 2023ലെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. സ്വവര്‍ഗ വിവാഹങ്ങള്‍ക്കുള്ള നിയമപരമായ അംഗീകാരം നിരസിച്ച ഉത്തരവിനെ ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹരജികള്‍ പരിഗണിക്കാനാണ് സുപ്രീം കോടതി വിസമ്മതിച്ചത്.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമപരമായ അനുമതി നല്‍കുന്നതിന് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് സുപ്രീംകോടതി വിധിയില്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിധിയെ ചോദ്യം ചെയ്ത് ഹര്‍ജികള്‍ എത്തിയത്.
ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്ന, പി.എസ്. നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത് വിസമ്മതിച്ചത്. ബെഞ്ച് ഹരജികള്‍ പരിശോധിച്ചെങ്കിലും വാദം നടന്നില്ല.
നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ റെക്കോര്‍ഡുകള്‍ പ്രകാരം തെറ്റുകളുള്ളതായി കാണുന്നില്ലെന്നും വിധിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നിയമാനുസൃതമാണെന്നും പറഞ്ഞ കോടതി കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
