നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകള്‍ നല്ലതല്ല; ബുള്‍ഡോസര്‍ നീതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി: ബുള്‍ഡോസര്‍ നീതിക്കെതിരെ ഒരിക്കല്‍ കൂടി വിമര്‍ശനവുമായി സുപ്രീംകോടതി. നിയമപരമമായ ഒരു രാജ്യത്ത് ഇത്തരം പൊളിക്കലുകള്‍ നല്ലതല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സുധാന്‍ഷു ദൂലിയ, എസ്.വി.എന്‍ ഭാട്ടി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.

രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് നേരെയാണ് ബുള്‍ഡോസര്‍ ഓടിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പൗരാണികമായ വീട് പൊളിക്കാനുള്ള ശ്രമത്തിനെതിരായ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ടായത്. ഗുജറാത്തിലെ ഖേദ ജില്ലയിലാണ് വീട് പൊളിക്കാനുള്ള ശ്രമമുണ്ടായത്.കുടുംബാംഗങ്ങളില്‍ ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരിലാണ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നടത്തിയത്. ജാവേദാലി മഹേബുബമിയ സിയാദ് എന്നയാളാണ് ഹരജി നല്‍കിയത്. സെപ്റ്റംബര്‍ ആറിനാണ് വീട് പൊളിക്കാനായി നോട്ടീസ് നല്‍കിയത്. ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് ഇത്തരത്തില്‍ വീട് പൊളിക്കാന്‍ നോട്ടീസ് നല്‍കിയത്.

ഒരു കുടുംബാംഗത്തിന് നേരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരില്‍ മൊത്തം കുടുംബാംഗങ്ങളെയും എന്തിനാണ് ശിക്ഷിക്കുന്നതെന്നായിരുന്നു ഹരജിയിലെ പ്രധാന ചോദ്യം. വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഒരാള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് വീട് പൊളിക്കാനുള്ള കാരണമല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *