യാക്കോബായ സഭ 6 പള്ളികള്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറണം ; സുപ്രീം കോടതി

ഡല്‍ഹി: ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കത്തില്‍ സുപ്രധാനമായ നിര്‍ദേശവുമായി സുപ്രീം കോടതി. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലായുള്ള ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി യാക്കോബായ സഭയോട് നിര്‍ദേശിച്ചു. സുപ്രീം കോടതി വിധിയെ മാനിക്കണമെന്നും യാക്കോബായ സഭയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. പൊലീസിനെ നിയോഗിക്കുന്നതിലൂടെ സാഹചര്യം സങ്കീര്‍ണ്ണമാക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934-ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2017-ലെ വിധിക്കുശേഷം നല്‍കിയ പല പ്രത്യേക അനുമതി ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് യാക്കോബായ സഭയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, ശ്യാം ദിവാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, 2017-ലെ വിധി നടപ്പാക്കാന്‍ തയ്യാറാകാത്ത യാക്കോബായ വിഭാഗത്തിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. യാക്കോബായ സഭയുടെ ആവശ്യങ്ങള്‍ കേള്‍ക്കണെമെങ്കില്‍ പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ആറ് പള്ളികളുടെ ഭരണം കൈമാറിയെന്ന സത്യവാങ്മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ യാക്കോബായ സഭ സുപ്രീം കോടതിക്ക് കൈമാറണം. മലങ്കര സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൗഹൃദപരമായി പരിഹരിക്കാനാണ് സുപ്രീം കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *