പ്ലസ്ടു കോഴക്കേസ് ;കെഎം.ഷാജിക്കെതിരെ സംസ്ഥാന സര്‍ക്കാറും ഇ.ഡിയും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി : പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.

ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിചാരണാ കോടതിയാണ് ഷാജി കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരന് എതിരെയും ബാലിശമായ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്നാണ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്.

2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *