ഡല്‍ഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എല്ലാ സ്വകാര്യസ്വത്തുകളും ഭൗതിക വിഭവങ്ങളായി കണക്കാക്കി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. സ്വകാര്യസ്ഥലം പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച വിഷയത്തിലാണ് ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുകളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകുമെന്ന 1978ലെ വിധിയാണ് റദ്ദാക്കിയത്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന് ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധിയില്‍ പ്രസ്താവിച്ചതുപോലെ എല്ലാ സ്വകാര്യസ്വത്തും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാമെന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാട് പിന്തുടരാന്‍ കഴിയില്ലെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
