കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. അധികാര പരിധി കുറക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ഹേമ കമീഷനെ ഹേമ കമ്മിറ്റിയാക്കി മാറ്റിയത്.പുറത്തുവന്ന കടലാസ് കഷണങ്ങളില്‍ ഒരുപാട് ബിംബങ്ങള്‍ തകര്‍ന്നുവീണു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തിമിംഗലങ്ങളുടെ പേരുകള്‍ ഇപ്പോഴും ഇരുട്ടിലാണ്. ഊഹാപോഹങ്ങള്‍ക്ക് ഇടവരാന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. അതിന് അനുമതി നല്‍കിയാല്‍ ചിലപ്പോള്‍ നിരപരാധികളെ കുറിച്ചും സംശയമുയരും. അവരുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട് എന്ന് വിചാരിക്കുന്ന സ്ഥിതിയുണ്ടാകും. അത് സംഭവിക്കരുത്. എല്ലാ കാര്‍ഡുകളും എടുത്ത് മേശപ്പുറത്തിടണമെന്നും ടി. പത്മനാഭന്‍ ആവശ്യപ്പെട്ടു.എങ്കില്‍ മാത്രമേ സര്‍ക്കാറില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകൂ. അത് സര്‍ക്കാര്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ അവര്‍ക്കും മോശമാണ്. നമുക്കും മോശമാണ്. സാംസ്‌കാരിക കേരളത്തിന് ഒന്നടങ്കം മോശമാണെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
നാലരവര്‍ഷമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍ മേല്‍ അടയിരുന്നത്. സര്‍ക്കാറിന്റെ ആദ്യ പാപം നടന്നത് അവിടെയായിരുന്നു. ഇരയുടെ ഒപ്പം എന്ന് പറയുന്നുണ്ടെങ്കിലും ഒരിക്കലും അങ്ങനെ അല്ല. ധീരയായ ഒരു പെണ്‍കുട്ടിയുടെ പരിശ്രമം കൊണ്ട് മാത്രമാണ് ഇത്രയെങ്കിലും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.