ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖത്തില്‍ നടത്തിയ മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് ‘ദ ഹിന്ദു’. പി.ആര്‍ ഏജന്‍സി നല്‍കിയ പ്രസ്താവനകള്‍ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ദ ഹിന്ദു എഡിറ്റര്‍ പറഞ്ഞു.
അഭിമുഖം വിവാദമായതോടെ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ‘ദ ഹിന്ദു’വിന്റെ വിശദീകരണം. മുഖ്യമന്ത്രിയുമായി മാധ്യമപ്രവര്‍ത്തക നടത്തിയ അഭിമുഖത്തില്‍ ഈ ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശവും ഈ പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന പരാമര്‍ശവുമടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞതല്ല.
അവ പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ് എന്നാണ് ദ ഹിന്ദു പത്രം പറയുന്നത്. ഇക്കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നതില്‍ വീഴ്ചയുണ്ടായെന്നും അത്തരത്തില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നെന്നും നിരുപാധികം മാപ്പ് പറയുന്നതായും വിശദീകരണത്തില്‍ പറയുന്നു.
‘കൈസന്‍ എന്ന പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം വാഗ്ദാനം ചെയ്ത് ഹിന്ദുവിനെ സമീപിച്ചു. സെപ്റ്റംബര്‍ 29ന് ഒമ്പത് മണിക്ക് കേരള ഹൗസില്‍ വെച്ച് മാധ്യമപ്രവര്‍ത്തക മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികളും ഉണ്ടായിരുന്നു. 30 മിനുട്ട് ദൈര്‍ഘ്യമുണ്ടായിരുന്നു അഭിമുഖത്തിന്. തുടര്‍ന്ന് പി.ആര്‍ ഏജന്‍സിയുടെ പ്രതിനിധികളില്‍ ഒരാള്‍ നേരത്തെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനകളാണെന്ന് ചൂണ്ടിക്കാട്ടി സ്വര്‍ണകടത്തിലെയും ഹവാല ഇടപാടിന്റെയും വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കുകയായിരുന്നു. ഇവ പ്രസ്താവനയില്‍ ഉള്‍പ്പെടുത്താന്‍ രേഖാപൂര്‍വ്വം അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇക്കാര്യങ്ങള്‍ നിരസിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ അഭിമുഖത്തിലേതെന്ന പേരില്‍ നല്‍കിയത് മാധ്യമ ധാര്‍മികതയ്ക്ക് വിരുദ്ധമാണ്. ഇത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇത്തരത്തിലൊരു തെറ്റുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു,’ എഡിറ്റര്‍ ദി ഹിന്ദു നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ‘ദ ഹിന്ദു’ എഡിറ്റര്‍ക്ക് കത്തയച്ചതിനു പിന്നാലെയാണ് വിശദീകരണം വന്നത്. അഭിമുഖം വിവാദമാവുകയും പ്രതിഷേധവുമായി പ്രതിപക്ഷവും വിവിധ സംഘടനകളും രം?ഗത്തുവരികയും ചെയ്തതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ‘ദ ഹിന്ദു’വിന് കത്തയച്ചത്.
