തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് അപകടം ; ഒരു മരണം ; സംഭവ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ട ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍. ഡ്രൈവര്‍ അരുള്‍ ദാസാണ് കസ്റ്റഡിയിലുള്ളത്. അപകട ശേഷം സംഭവ സ്ഥലത്ത് നിന്നും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ കണ്ണിന്റെ ഭാഗത്ത് ചെറിയ പരിക്കുണ്ട്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് വിവരമറിഞ്ഞ നെടുമങ്ങാട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്.

അപകടത്തില്‍ ഒരാള്‍ മരിച്ചു. 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് നിഗമനം. വിശദപരിശോധന ഇന്ന് നടക്കും.

അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെ സമയോചിത ഇടപെടലാണ്. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട ബസില്‍നിന്ന് യാത്രക്കാരെ വേഗത്തില്‍ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ജീവഹാനി ഒഴിവായി. അപകടവാര്‍ത്ത അറിഞ്ഞയുടന്‍ 25 ആംബുലന്‍സുകളാണ് സ്ഥലത്തേക്കു കുതിച്ചെത്തിയത്. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. നെടുമങ്ങാട് അഗ്നിരക്ഷാസേനയും ഉടന്‍തന്നെ സ്ഥലത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *