ഡല്‍ഹി: നേപ്പാളിന്റെ ടിബറ്റന്‍ അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ 53 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്.ഭൂചലനത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിക്ടര്‍ സ്‌കെയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കത്തില്‍ ആളപായങ്ങള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു പ്രാഥമിക വിവരം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍.സി.എസ്) യുടെ റിപ്പോര്‍ട്ട് അനുസരിച്ച് രാവിലെ 6:35 നാണ് ആദ്യ ഭൂചലനമുണ്ടായത്. ആദ്യത്തേതിന് തൊട്ടുപിന്നാലെ രണ്ട് ഭൂകമ്പങ്ങള്‍ കൂടി ഈ മേഖലയില്‍ ഉണ്ടായതായി എന്‍.സി.എസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7:02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7:07 നുമാണുണ്ടായത്.
ഭൂകമ്പത്തില്‍ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പ്രകമ്പനങ്ങള്‍ ഉണ്ടായി. ഡല്‍ഹി എന്‍.സി.ആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്‌നയിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലും പശ്ചിമ ബംഗാള്‍, അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

