മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആര്‍ആര്‍ടി അംഗത്തിന് പരിക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
ആര്‍ആര്‍ടി സംഘാംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൈക്കും ശരീരത്തിന്റെ പലഭാഗങ്ങളിലും പരിക്കുണ്ട്.
കടുവയെ കണ്ടെത്താന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചാരക്കൊല്ലിയിലെ വനപ്രദേശങ്ങളിലേക്ക് പോയിരുന്നു. രാധ കൊല്ലപ്പെട്ട തറാട്ടില്‍ എന്ന ഭാഗത്ത് വെച്ചാണ് കടുവ ഉദ്യോഗസ്ഥനെ ആക്രമിക്കുന്നത്.
കൂടിനു സമീപം വരെ കടുവ എത്തിയെങ്കിലും കൂട്ടിലേക്ക് കയറിയിരുന്നില്ല. എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.