തൃശ്ശൂര്‍:ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു.36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പൂരത്തില്‍ ഒരു വിഭാഗത്തിന് തന്നെ 150 ആനകള്‍ വേണ്ടി വരും. മഠത്തില്‍ വരവും തെക്കോട്ടിറക്കവും പ്രതിസന്ധിയില്‍ ആകും. ഒരു ആനയില്‍ നിന്ന് 3 മീറ്റര്‍ മാറിയാല്‍ പൂരം മാറ്റേണ്ടിവരുമെന്നും മാര്‍ഗനിര്‍ദേശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും കെ ഗിരീഷ് പറഞ്ഞു.
ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍.ജി.ഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസില്‍ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് ആനകള്‍ക്കിടയില്‍ 3 മീറ്റര്‍ ദൂരം വേണമെന്നാണ് ഹൈക്കോടതി മാര്‍ഗരേഖയില്‍ പറയുന്നത്. 15 ആന നില്‍ക്കുമ്പോള്‍ 45 മീറ്റര്‍ ആകും. തെക്കോട്ടിറക്കം എന്നല്ല ഒരു പൂരവും നടത്താനാവില്ല. മഠത്തില്‍ വരവ് നടത്തുന്ന ഇടത്ത് ആകെ റോഡിന് വീതിയുള്ളത് 6 മീറ്റര്‍ ആണ്. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം ഉണ്ടാകും അങ്ങനെ ആയാല്‍. ആനകളെ സംരക്ഷിക്കേണ്ടതൊക്കെ ആവശ്യം തന്നെ. പക്ഷേ ആചാരങ്ങളൊന്നും നടക്കേണ്ട എന്ന തലത്തിലേക്ക് പോകാന്‍ പാടില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും’. ഗിരീഷ് പറയുന്നു.
ദേവസ്വങ്ങളെ കൂടാതെ പൂരം പ്രേമി സംഘവും മാര്‍ഗരേഖയില്‍ എതിര്‍പ്പുമായി രംഗത്തുണ്ട്. തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ വിദേശ ശക്തികളുള്‍പ്പടെ നടത്തുന്ന നീക്കമാണിതെന്നാണ് പൂരം പ്രേമി സംഘം കണ്‍വീനര്‍ വിനോദ് കണ്ടേന്‍ കാവ് പ്രതികരിച്ചത്.

