കല്‍പറ്റ: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറിന്റെ ഡോറിനുള്ളില്‍ കൈകുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍. കാറിലുണ്ടായിരുന്ന നാലുപ്രതികളില്‍, കണിയാമ്പറ്റ സ്വദേശി മുഹമ്മദ് ഹര്‍ഷിദ് , അഭിരാം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവം നടക്കുമ്പോള്‍ ഹര്‍ഷിദ് ആണ് കാര്‍ ഓടിച്ചിരുന്നത് എന്ന് നേരത്തേ വ്യക്തമായിരുന്നു.
വിഷ്ണു, നബീല്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ആക്രമണത്തില്‍ പരിക്കേറ്റ ആദിവാസി യുവാവ് മാതനെ സന്ദര്‍ശിച്ച ശേഷം മന്ത്രി ഒ.ആര്‍.കേളുവാണ് പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
പ്രതികള്‍ സഞ്ചരിച്ച KL52 H 8733 നമ്പര്‍ സെലേറിയോ കാര്‍ നേരത്തേ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണിയാമ്പറ്റയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു.
കൂടല്‍ക്കടവില്‍ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട നാട്ടുകാരനായ മാതനെ സംഘം ആക്രമിക്കുകയായിരുന്നു.

